പാളിയ തന്ത്രങ്ങളുടെ പാളയങ്ങള്‍ - ബ്രസീലും അര്‍ജന്റീനയും
Monday
'സാംബാ ബീറ്റ്സ് '
പാളിയ തന്ത്രങ്ങളുടെ പാളയങ്ങള്‍ - ബ്രസീലും അര്‍ജന്റീനയും
-ബോണ്‍സ്

ആഫ്രിക്കയില്‍ നിന്നും ബ്ലോത്രത്തിനു വേണ്ടി ബ്ലോഗ്ഗര്‍ ബോണ്‍സ്
ലോകകപ്പ് ഉയര്‍ത്തിയ രണ്ടു അതികായന്മാര്‍ - ഒരാള്‍ ബ്രസീലിന്റെ പ്രധിരോധത്തില്‍ കോട്ടമതില്‍ തീര്‍ത്തു എതിരാളിയെ അടച്ചു കെട്ടി മുന്‍നിരയിലെ പാഞ്ഞു നടക്കുന്ന ചാട്ടുളികളിലേക്ക് പന്ത് എത്തിച്ചു നല്‍കിയിരുന്ന ദുംഗ. മറ്റെയാള്‍ ആക്രമണ ശൈലിയിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് പാഞ്ഞു ചെന്ന് വലകളെ കുലുക്കിയിരുന്ന മറഡോണ. സ്വന്തം വ്യക്തിത്വങ്ങളെ തങ്ങള്‍ പരിശീലിപ്പിക്കുന്ന ടീമുകളിലേക്ക് ആവാഹിച്ചു ലോകകപ്പും സ്വപ്നം കണ്ടിറങ്ങിയ അവര്‍ ദക്ഷിണാഫ്രിക്കയിലെ മണ്ണില്‍ നിന്ന് മടങ്ങിയിരിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി കഴിഞ്ഞു. എല്ലാ പോസ്റ്റ് മോര്ട്ടങ്ങള്‍ക്കും ഇടയില്‍ ഓര്‍ക്കേണ്ട സത്യങ്ങള്‍ ലോകകപ്പില്‍ ജയിക്കുന്ന ടീമിന് എന്നും പൂക്കളും തോല്കുന്ന കോച്ചിന് കല്ലേറും എന്നത് ഒരുതരം പ്രകൃതി നിയമം ആണ്. കാരണം ഇത് നാല് വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ലോകകപ്പാണ്. ഇവിടെ ജയം ആണ് പ്രധാനം.
പ്രതിരോധ ഫുട്ബോള്‍ കളിച്ചു ഭാഗ്യത്തെ കൂട്ടുപിടിച്ച് ഗോള്‍ അടിയായിരുന്നു ആദ്യ മത്സരം മുതല്‍ ബ്രസീലിന്റെ ലക്ഷ്യം. ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ഉത്തര കൊറിയക്കെതിരെ ബ്രസീല്‍ കളിക്കുന്നത് കണ്ടപ്പോഴേ എല്ലാവര്ക്കും അത് മനസ്സിലായിരുന്നു. ലോകകപ്പിന് മുന്‍പ് പരുക്കില്‍ നിന്ന് മോചിതനായി വന്ന കക്കാ കളിമികവിലേറെ ഫൌളിലും മറിഞ്ഞു വീണു ഫൌള്‍ വാങ്ങി ഗോള്‍ അടിക്കുന്നതിലും ആണ് ശ്രദ്ധിച്ചത്.
ഇന്നത്തെ ലോകഫുട്ബോള്‍ മനോഹരമായി പാസ് കൊടുത്തു മുന്നേറി എതിര്‍ ഗോളിയെ വരെ കബിളിപ്പിച്ചു ഗോള്‍ പോസ്റ്റിലേക്ക് പന്ത് തട്ടിയിടുന്നതല്ല എന്നാണു കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഇന്റര്‍മിലാന്‍ ബാര്‍സിലോണയെ കാട്ടി കൊടുത്തത്. ശക്തമായ പ്രതിരോധം, മൂര്‍ച്ചയുള്ള മുന്നേറ്റം. ഇത് രണ്ടും എതിര്‍ടീമിന്റെ ശക്തിയെ അനുസരിച്ച് ഉപയോഗിക്കുക. എതിരാളികള്‍ നല്ല മുന്നേറ്റ നിരയുള്ളവര്‍ ആണെങ്കില്‍ അവരെ കൊണ്ട് ഗോള്‍ അടിപ്പിക്കാതിരിക്കുക. മുന്നേറ്റനിരയുടെ ശക്തനായ മിഡ് ഫീല്‍ഡറെ മാര്‍ക്ക് ചെയ്യുക അത് വഴി ബോള്‍ അവരുടെ മുന്നേറ്റ നിരക്ക് എത്തുന്നത് കുറയ്ക്കുക. എന്നിട്ട് ശക്തരായ മുന്നേറ്റ നിരയെ കൊണ്ട് ആക്രമിച്ചു കൃത്യതയാര്‍ന്ന ഫിനിഷിംഗ് കൊണ്ട് കളിതീര്‍ക്കുക. ജര്‍മ്മനി അര്‍ജന്റീനയോട് ചെയ്തതും അതാണ്. എതിരാളിയുടെ തന്ത്രങ്ങള്‍ അറിയാമായിരുന്നിട്ടും തങ്ങളുടെ കളി മാറ്റി കളിയ്ക്കാന്‍ അര്‍ജന്റീന തയാറായില്ല. ആദ്യം തൊട്ടേ മെസ്സിയെ പിന്നില്‍ കളിപ്പിച്ചു തങ്ങളുടെ തന്ത്രങ്ങള്‍ എല്ലാവര്‍ക്കും കാട്ടിയ അര്‍ജന്റീന ക്വാര്‍ട്ടറില്‍ മെസ്സിയെ മുന്നേറ്റ നിരയില്‍ കളിപ്പിക്കാതെ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു. മൂന്നാം മിനിറ്റില്‍ അത്ര എളുപ്പത്തില്‍ തന്നെ ഗോള്‍ വഴങ്ങിയ ടീമിന് തിരികെ വരുന്നത് അസാധ്യം ആയിരുന്നു. ജര്‍മനിയെ പോലെ വളരെ വേഗത്തില്‍ കൌണ്ടര്‍ അറ്റാക്ക് കളിക്കുന്ന ടീമിനെ തോല്‍പ്പിക്കാന്‍ അതെ ശൈലി തന്നെ സ്വീകരിക്കെണ്ടിയിരുന്നു അര്‍ജന്റീന. നല്ല പ്രതിരോധവും തുടര്‍ന്ന് പാഞ്ഞു കയറുന്ന ആക്രമണവും ആയിരുന്നു അര്‍ജന്റീന അവലംബിക്കെണ്ടിയിരുന്നത്. പക്ഷെ അതിനു വേണ്ടിയിരുന്ന ഒരു നല്ല മിഡ് ഫീല്‍ഡ് കളിക്കാരന്‍ അവര്‍ക്കില്ലാതെ പോയി. മെസ്സിയെ പ്ലേമേക്കര്‍ ആക്കിയപ്പോള്‍ മിലിറ്റൊയെ ഇറക്കി ഒരു 4-2-4 അല്ലെങ്കില്‍ 5-1-4 ശൈലിയില്‍ പ്രതിരോധത്തിലും ആക്രമണത്തിലും ഊന്നി കളിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ കളി വളരെ ബോര്‍ എങ്കിലും അവര്‍ക്ക് ജയിക്കാന്‍ സാധ്യത ഉണ്ടായിരുന്നു. തന്ത്രങ്ങളുടെ പാളിച്ച, എതിരാളികളുടെ തന്ത്രങ്ങളെ അറിയാമായിരുന്നിട്ടും പ്രധിരോധിക്കാന്‍ ശ്രമിക്കാത്തത് തുടങ്ങിയവ മറഡോണ തന്റെ കാലത്തേ അര്‍ജന്റീന ടീമിനേക്കാള്‍ പ്രതിഭകളുടെ ആധിക്യം നിറഞ്ഞ ഈ ടീമില്‍ (അമിത) പ്രതീക്ഷ വച്ചിരുന്നു എന്ന് വേണം കരുതാന്‍. ഒരുപക്ഷെ ശൈലി മാറ്റാതെ അര്‍ജന്റീന ജയിച്ചിരുന്നെങ്കില്‍ എല്ലാവരും സുന്ദരമായ കളികളിച്ചു ജയിച്ചതിനു മറഡോണയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയേനെ. ഇപ്പോള്‍ പഴി വാങ്ങി പിന്‍വാങ്ങാന്‍ ആണ് ആ പഴയ ഇതിഹാസത്തിന്റെ വിധി.
ഫാന്‍സിനെ സന്തോഷിപ്പിക്കാന്‍ ആണ് തങ്ങള്‍ കളിക്കുന്നതെന്ന് പറഞ്ഞ മറഡോണ ഫാന്‍സിനും ആത്യന്തികമായി വിജയം തന്നെയാണ് വേണ്ടതെന്നു മറന്നു. കളിച്ച കളികളില്‍ ആകര്‍ഷണീയമായ കളി കളിച്ചത് കൊണ്ട് ദുംഗയെക്കാള്‍ മറഡോണക്ക് വിമര്‍ശനങ്ങള്‍ കുറവാണ് എന്നതാണ് ആശ്വാസം.
എതിരാളിയെ നന്നായി മനസ്സിലാക്കി തന്ത്രപരമായി അവരെ തലക്കുന്ന ജര്‍മ്മനി, പ്രധിരോധവും ആക്രമണവും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഹോളണ്ട്, ഏതാണ്ട് അര്‍ജന്റീനയെപോലെ തന്നെ മനോഹര ഫുട്ബോള്‍ കളിച്ചു കടന്നു വന്ന സ്പെയിന്‍, സുവാരാസ് എന്ന ത്യാഗിയായ കളിക്കാരന്റെ കാവല്‍ കൊണ്ട് പിന്‍വാതില്‍ വഴി കടന്നു വന്ന ഉറുഗ്വേ. ഇനി അവശേഷിക്കുന്നതിവര്‍ മാത്രം. മനോഹര ഫുട്ബോള്‍ കപ്പ നേടി കൊടുക്കില്ല എന്നതിന്റെ തെളിവായി സ്പെയിനിന്റെ കഴിഞ്ഞ കളി. പക്ഷെ അവസരങ്ങള്‍ മുതലാക്കുന്ന ഫിനിഷര്‍ ഡേവിഡ് വിയ്യ എന്ന ഷാര്‍പ് ഷൂട്ടര്‍ ഈ ടീമിനെ വ്യതസ്തനാക്കുന്നു. ഫോമിലല്ലാത്ത ടോറസ്സിനെ ഇറക്കാതെ ആദ്യം മുതലേ പെഡ്രോയും ഫാബ്രിഗാസും വിയ്യയും ഇറങ്ങിയാല്‍ ആദ്യം ഗോള്‍ അടിച്ചാല്‍ സ്പെയിനിനു സാധ്യതയുണ്ട്. ഭാഗ്യം വീണ്ടും ഗോള്പോസ്ടിനു മുന്നില്‍ കൈയ്യും കൊണ്ട് നിന്നാല്‍ ഉരുഗുവേക്കും. ഇല്ലെങ്കില്‍ ഒരു ജര്‍മ്മനി - ഹോളണ്ട് ഫൈനല്‍ ആണ് സാധ്യത.
ദക്ഷിണാഫ്രിക്ക പുറത്തായതോടെ ഇവിടെ കുറഞ്ഞ ആവേശം ഘാന കൂടെ പുറത്തായതോടെ ഏതാണ്ട് തീര്‍ന്ന മട്ടാണ്. ഘാന ടീമിനെ ഇന്നലെ കൊട്ടും പാട്ടും ആവേശം നിറഞ്ഞ ആളുകളും ചേര്‍ന്ന് ഇന്നലെ യാത്രയാക്കി. ജയിക്കുന്ന ടീമിന് പോലും കിട്ടില്ല എന്നുറപ്പുള്ള ചടങ്ങാണ് സൗത്ത് ആഫ്രിക്ക ഇന്നലെ ഘനക്ക് നല്‍കിയത്. ആഫ്രിക്കന്‍ ഫുട്ബോള്‍നെ ലോകത്തിന്റെ നെറുകയിലേക്ക് കൊണ്ട് ചെന്ന ടീമിനോട് ഇന്നലെ നന്ദി പറഞ്ഞുകൊണ്ട് ആയിരങ്ങള്‍ ഇന്നലെ ജോബര്‍ഗില്‍ ഒത്തുകൂടി. ജനപ്രീയ ടീമുകള്‍ ബ്രസീലും അര്‍ജന്റീനയും പുറത്തു പോയതോടെ ലോകകപ്പിന്റെ പണി മാറി ആളുകള്‍ പതിയെ നോര്‍മല്‍ ആയി തുടങ്ങി. എല്ലാ ദിവസവും കളിയില്ല എന്നതും ഒരു നല്ല കാര്യം ആണ്. ലോകപ്പിന്റെ ആവേശം അടങ്ങുമ്പോള്‍ ഇവിടുത്തെ ആളുകള്‍ പ്രശ്നങ്ങള്‍ ഇല്ലാതെ തീര്‍ന്ന ഒരു ലോകകപ്പും അത് തന്ന ആവേശവും കണ്ടു അന്ടാലിച്ചു നില്‍ക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വിജയകരമായിരുന്നു ഈ ലോകകപ്പ്. ഈ സമയത്ത് ഏതാണ്ട് പത്തുലക്ഷം ആളുകള്‍ ഈ രാജ്യം സന്ദര്‍ശിച്ചു എന്നാണു കണക്കു. സൌത്ത് ആഫ്രിക്കന്‍ ടൂറിസം ഇതോടെ ഇനിയും മെച്ചപ്പെടും എന്ന പ്രതീക്ഷയില്‍ ഇവര്‍ ഈ ലോകകപ്പ് കൊണ്ടുവരുന്ന സൌഭാഗ്യങ്ങള്‍ക്കായി കാത്തിരിക്കുന്നു.
(ചിത്രങ്ങള്‍ - പോളോക് വാനെയില്‍ നടന്ന അര്‍ജന്റീന - ഗ്രീസ് മത്സരം കാണാന്‍ പോയ മലയാളി ആരാധകരുടെ കണ്ണിലൂടെ. ഇനി ലോകകപ്പില്‍ കാണാന്‍ കഴിയില്ലാത്ത മറഡോണയും മെസ്സിയും.)
>>തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോത്രം നിങ്ങള്‍ക്കായി കാഴ്ച വെക്കുന്നു..
3 comments:
Maicon idakkike chakka ittu nokiyengilum pinneed muyal chavuka undayilla...
അതിരുവിട്ട ആത്മവിശ്വാസവും, എതിരാളികളുടെ കരുത്ത് ഗൌരവമായി എടുക്കാതിരുന്നതും ആയിരുന്നു ബ്രസില്‍-ന്റേയും, അര്‍ജന്റീന-യുടേയും വീഴ്ചയ്ക്ക് കാരണം!
brazil-nu ahankaaram kooduthal aayirunnu ennum parayathe vayya
-JimmyS
Post a Comment