FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

15 ഒക്ടോബര്‍ 2009:കാപ്പിലാന് മോഷണം പ്രശ്നമേയല്ല..

Wednesday

എനിക്ക് എന്‍റെ കവിതയോ പോസ്ടോ ആരെങ്കിലും എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യുന്നതില്‍ ഒരു പരാതിയും ഇല്ല കാരണം ഞാന്‍ അതിനൊന്നും വലിയ വില കൊടുക്കുന്നില്ല . ഞാന്‍ എഴുതിയത് അവര്‍ക്കിഷ്ടമുണ്ടായിട്ടല്ലേ എടുക്കുന്നത് . അവരെടുക്കട്ടെ .ഞാന്‍ എഴുതിയത് ക/ഗ വിതയാണ് എന്ന് ഞാന്‍ തന്നെ ഇതുവരെ സമ്മതിച്ചിട്ടില്ല . എന്തായാലും ബ്ലോത്രം ഈ കാര്യത്തില്‍ ഇടപെട്ടത്തില്‍ നന്ന് കാരണം എനിക്കിത് വലിയ പ്രശനം അല്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഇതൊക്കെ മൂലം ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ലല്ലോ എന്നതാണ് . എന്‍റെ എത്ര വേണമെങ്കിലും ആര്‍ക്ക് വേണമെങ്കിലും എടുക്കാം . പണ്ട് കേരള്‍.കോം ആരുടെയൊക്കെയോ കോഴികളെയും താരാവുകളെയും പിടിച്ചുകൊണ്ടു പോയി എന്നതില്‍ ബൂലോകത്ത് വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടായതാണ് . അന്നും എന്‍റെ ഏകദേശം പത്ത് ഗവിതകളോളം അവരെടുത്തു പക്ഷേ ഞാനാ സമയത്ത് ഒന്നും പറഞ്ഞിരുന്നില്ല . ഇപ്പോള്‍ അവരൊക്കെ എവിടെ ?"

സാധാരണ ബൂലോകത്ത് വിവാദങ്ങളുടെ തുടക്കം കുറിക്കാറുള്ള കാപ്പില്ലാന്‍ വിവാദത്തിനില്ല എന്ന പ്രസ്താവന ഞങ്ങളെ വിസ്മയിപ്പിച്ചു ....കാപ്പിലാന്റെ പുതിയ പോസ്റ്റും അപ്പാടെ ഡ്യൂപ്ലിക്കേറ്റ്‌ അനോണി മാഷ് കോപ്പി അടിച്ചിരുന്നു(കാപ്പിലാന്‍ പ്രസിദ്ധീകരിച്ച മഴ എന്ന കവിത (കൊള്ളികള്‍ ബ്ലോഗ് ഒര്‍ജിനല്‍ പോസ്റ്റ്
ഡ്യൂപ്ലിക്കേറ്റ്‌ പോസ്റ്റ്
) .. എന്നിട്ടും കാപ്പിലാന്‍ പുതിയ ഒരു വിവാദത്തിന് ഇല്ല എന്ന തുറന്ന പ്രഖ്യാപനം പ്രശ്നങ്ങള്‍ തണുപ്പിക്കുന്നു...എന്തായാലും ഇനി അനോണി 'മാഷുംമാര്‍' എന്തൊക്കെ പ്രശനം ഉണ്ടാക്കും എന്ന് കണ്ടറിയാം ...ജാഗ്രത പാലിക്കുക

ഈ തെരഞ്ഞടുപ്പിനുത്തരവാദി ആർ?


അഞ്ചു കൊല്ലത്തേക്കല്ലേ നാം സംസ്ഥാന നിയമസഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തയക്കുന്നത്?അവരാരും മരണമടഞ്ഞില്ലല്ലോ? പിന്നെന്തേ വീണ്ടും തെരഞ്ഞെടുപ്പ്?
എത്രകോടി രൂപയാണു നമ്മുടെ ഖജനാവിൽ നിന്നും ഇവരെ തെരഞ്ഞെടുക്കാൻ ചെലവിട്ടത്? ഇനി എത്രകൂടി വേണം മൂന്നു പേരെ കൂടി ജയിപ്പിച്ചെടുക്കാൻ?ആലോചിക്കാൻ സമയമായി. കഴുതകളായ നമുക്ക് കുതിരകളാവാൻ ലഭിക്കുന്ന ഒരേ ഒരവസരമാണ് വരുന്ന തെരഞ്ഞെടുപ്പ്.ഒഴിവാക്കാമായിരുന്ന തെരഞ്ഞെടുപ്പിനു ഉത്തരവാദികളായവരുടെ മുഖമടച്ചൊന്നു കൊടുക്കാൻ ബാ‍ലറ്റ് പെട്ടിയിലൂടെ അവസരം വന്നു ചേരുന്നു.
ഉണരൂ വോട്ടർ മാരേ, ഉണരു.......

ജനപ്രതിനിധികളില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.


അടുത്തനാളില്‍ മാധ്യമ വേദികളില്‍ വളരെയധികം ചര്‍ച്ചാ വിഷയമായതാണ്. ശശി തരൂരും അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ പല പ്രസ്താവനകളും.അദ്ദേഹത്തിന്റെ ദൂബായ് സന്ദര്‍ശന വേളയില്‍ നടന്ന ഒരു സംവാദത്തേപ്പറ്റി കൈപ്പള്ളി എന്ന ബ്ളോഗര്‍ എഴുതി.-ശശി തരൂർ തിരുവനന്തപുരത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ലോകസഭ അംഗമാണെന്നുള്ളതു് ശരിയാണു്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ portfolio വിദേശകാര്യ സഹ മന്ത്രി പതവിയാണെന്നുള്ളതു് സദസിൽ ഇരുന്നവരിൽ പലരും മറന്നു എന്നു തോന്നുന്നു. കേന്ദ്രമന്ത്രിയും, സംസ്ഥാനമന്ത്രിയും തമ്മിൽ തിരിച്ചറിയാത്ത ദുബൈയിലെ മലയാളി മാദ്ധ്യമ പ്രവർത്തകരുടെ ബാലിശമായ ചോദ്യങ്ങൾക്ക് സരസമായി തന്നെ അദ്ദേഹം മറുപടിയും കൊടുത്തു.
-

കുടില നീചതന്ത്രങ്ങള്‍ !!!


എസ് വാള്‍, കൊടുവാള്‍ നക്ഷത്രം..................



കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനേറ്റ നാണം കെട്ട തോല്‍വിക്ക്‌ പിന്നാലെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഏതു വിധേനയും വിജയിക്കാനുള്ള കുടില നീചതന്ത്രങ്ങള്‍ സി പി എം നേതൃത്വം ചര്‍ച്ച ചെയ്തുനടപ്പാക്കുന്നുന്നു. ഇതിനായി വടകര സ്പെഷ്യല്‍ പി ജയരാജനാണ്‌, കണ്ണൂരിന്റെ ചുമതല നല്‍കിയത്‌. സി പി എമ്മി നുവേണ്ടി ലോട്ടറി മാര്‍ട്ടിന്റെയും,മറ്റ് സകലപാര്‍ട്ടിവിരുദ്ധരില്‍ നിന്നും നാണമില്ലാതെ ദേശാഭിമാനിക്ക് വേണ്ടി എന്നു പറഞ്ഞ് കാശ് വാങ്ങി അതു വബിച്ച വിജയമാക്കിയ ജയരാജനെ പാര്‍ട്ടിക്ക് നല്ല മതിപ്പാണു. പി , എം വി ജയരാജന്മാരുടെ കൂട്ടാളിയും,ബന്ധുവും കണ്ണൂരിലെ മറ്റൊരു സഹാവുമായ മന്ത്രി ശ്രീമതിയുടെ പാചകക്കാരിയായി നിയമിക്കപ്പെട്ട ഒരാള്‍ (?) അഞ്ചുമാസത്തിനകം ക്ലാര്‍ക്കായും പിന്നെ എട്ടുമാസംകൊണ്ട് ഗസറ്റഡ് ഓഫീസറായും സ്ഥാനക്കയറ്റംനേടിയ സംഭവം കേരളത്തില്‍ തന്നെയാണു.
-

ആരില്‍നിന്നുള്ള സ്വാതന്ത്ര്യം!

ആസിയാന്‍ കരാര്‍ , ജനകീയ പ്രതിരോധത്തിന്റെ കരുത്ത് അധികാരിവര്‍ഗ്ഗത്തെ പിടിച്ചു കുലുക്കി എന്ന് കരാറിനെ അനുകൂലിച്ച് വന്‍ തോക്കുകള്‍ രംഗത്തു വരുന്നതില്‍ നിന്നും മനസ്സിലാക്കാം.
ആസിയാന്‍ കരാറിനെക്കുറിച്ചല്ല പോസ്റ്റ്. ഇത് ചരിത്രത്തിന്റെ ഒരു പുനര്‍ വായനയാണ്.
ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ്, നാട്ടു രാജ്യങ്ങളുടെ സമ്പത്തും സ്വത്തും ഊറ്റിക്കുടിച്ച് സാമ്രാജ്യത്വം ഊറ്റം കൊള്ളുന്ന സമയം. ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ആയിരമായിരം ദേശാഭിമാനികള്‍ ജീവന്‍ ബലി നല്‍കുന്ന കാലഘട്ടം.ഭാരതത്തിലെ കാര്‍ഷിക ജനതയുടെ ചോരയും നീരും ഊറ്റിക്കുടിക്കുന്നതിനെതിരെ , അടിമക്കരാറുകളീലൂടെ മാതൃരാജ്യത്തിന്റെ സമ്പദ് ഘടനയെ കൊള്ളയടിക്കുന്നതിനെതിരെ ഒരു ധീര ദേശാഭിമാനി ലേഖനം എഴുതി. 1934-ല്‍ , തിര്‍ഊരിലെ ഗ്രാമീണ ഗ്രന്ഥമാല എന്ന പ്രസാധനാലയം അവരുടെ പരമ്പരയിലെ രണ്ടാം നമ്പരായി പ്രസിദ്ധീകരിച്ച ലഘുലേഖയിലെ വാചകങ്ങള്‍ ഇന്നും പ്രസക്തമായി തോന്നുന്നതിനാല്‍ ഇവിടെ എടുത്തെഴുതുന്നു.
-

ഈ ഗൂഗിളിന്റെ ഒരു കാര്യം !!

ഈ ഗൂഗിളിനെ കൊണ്ട് തോറ്റു !!! ഭൂമി മൊത്തം വിഴുങ്ങാനുള്ള പ്ലാനാണെന്ന് തോന്നുന്നു. ദാ കണ്ടില്ലേ അടുത്ത കുന്ത്രാണ്ടം .. ഗൂഗിൾ ബിൽഡിങ്ങ് മേക്കർ.
-


സ്വകാര്യ പ്രാക്ടീസുകാരുടെ ഭീഷണി

ഗവ. മെഡിക്കല്‍ കോളേജുകളിലെ ഒരുവിഭാഗം ഡോക്ടര്‍മാര്‍ വീണ്ടും സമരഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച പാക്കേജ് തൃപ്തികരമല്ലെന്നാണ് ഭീഷണിക്കാധാരമായി പറയുന്നത്. ശമ്പളപരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നതിന് 15നകം ചര്‍ച്ചയ്ക്ക് വിളിച്ചില്ലെങ്കില്‍ 22 മുതല്‍ വീണ്ടും നിസ്സഹകരണസമരം നടത്തുമെന്നാണ് പ്രഖ്യാപനം. ഒക്ടോബര്‍ ഒന്നിന് ആരോഗ്യമന്ത്രി പി കെ ശ്രീമതി സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ട് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. സ്വകാര്യ പ്രാക്ടീസ് നിരോധനം പിന്‍വലിക്കില്ലെന്നും കൂടുതല്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാനാകില്ലെന്നും. എന്നാല്‍, ശമ്പളപരിഷ്കരണ ഉത്തരവില്‍ സംഘടന ചൂണ്ടിക്കാട്ടിയ മറ്റ് പ്രശ്നങ്ങളെല്ലാം സര്‍ക്കാര്‍ ഗൌരവപൂര്‍വമായി പരിഗണിക്കുമെന്നും അറിയിച്ചു. ചര്‍ച്ച കഴിഞ്ഞ് നേതാക്കള്‍ സന്തോഷത്തോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഘടനയുടെ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്നും സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്തു. ആരോഗ്യവകുപ്പ് തുടര്‍ നടപടികളെടുക്കവെയാണ് സംഘടനയുടെ തലപ്പത്തിരിക്കുന്നവരില്‍ ചിലര്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്.
-ജനശക്തി


പത്മ വിവാദത്തില്‍

മൂല്യ തകര്‍ച്ചയുടെ കാലത്ത് നമ്മുടെ പത്മ പുരസ്കാരങ്ങളുടെയും വിലത്തകര്‍ച്ച കുറച്ചു കാലമായി കണ്ടുകൊണ്ടിരിക്കുകയാണ് . പണം കൊണ്ടും സ്വാധീനം കൊണ്ടും വാങ്ങാന്‍ പറ്റുന്ന ഒന്നായി മാറിയിരിക്കുന്നു . പുതിയ വിവാദത്തില്‍ നമ്മുടെ അടുത്ത കാലത്തെ താരമായ ബിനീഷ്‌ . കെ വീണ്ടും വന്നിരിക്കുന്നു . ബിനീഷ്‌ വൈസ് പ്രസിഡന്റ് ആയ കമ്പനിയുടെ ഉടമ ആയ Ravi Pilla യെ നാമ നിര്‍ദേശം ചെയ്തു അത്രേ . അതും നമ്മുടെ കോടിയേരി സഖാവിന്റെ പിടലിക്ക് . അര്‍ഹത ഇല്ലാത്തവനെ ചിലതൊക്കെ പ്രതീക്ഷിച്ചു ആണ് ദുബായിലെ കമ്പനിയില്‍ വൈസ് പ്രസിഡന്റ് സ്ഥാനം കൊടുത്തത് എന്ന് നമ്മുടെ യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് പറഞ്ഞപ്പോ ആരും ചെവിക്കൊണ്ടില്ല . അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും എന്നാണല്ലോ . ഇതൊക്കെ അസൂയകാര് പറഞ്ഞുണ്ടാക്കുന്ന ഓരോ പൊക്കണം കേടു എന്നല്ലാണ്ട് എന്ത് പറയാന്‍ . നമ്മുടെ മഹാനായ രവി പിള്ള ആരാന്നറിയാന്‍ ഞാന്‍ ഒന്നു വെറുതെ പരതിഗള്‍ഫിലെ ഒരു വലിയ ബിസിനസ്സുകാരനാണ് . പ്രവാസി പുരസ്കാരം കിട്ടിയിട്ടുണ്ടത്രേ . Nasser S Al-Hajri Corporation എന്ന $2.5 billian dollars turnover ഉള്ള , ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ജോലി കൊടുക്കുന്ന ഒരു സ്ഥാപനത്തിന്റെ MD ആണ് . -കൂനനുരുംപ്

അടിക്കുറിപ്പ് മത്സരം

ഇവന്മാരെ കുറിച്ചു അനിയോജ്യമായ അടികുറിപ്പുകള്‍ ക്ഷണിക്കുന്നു.. "വിലപെട്ട" (ഒരു ചിരി) സമ്മാനം നല്‍കുന്നതാണ്..
-തിരൂര്കാരന്‍



ഡസ്ക്‌ ടോപ്പിന്റെ ചിത്രം എടുക്കാം

ഡസ്ക്‌ ടോപ്പിലുള്ള ഏതു ചിത്രവും ഒരു ക്യാമറകൊണ്ടെന്നപോലെ പകര്‍ത്താന്‍ ഒരു സൗജന്യ സോഫ്റ്റ്‌ വെയര്‍ പരിചയപ്പെടുത്താം.desktop to photo എന്നാണ്‌ പേര്‌.വളരേ ലളിതമായ പ്രവര്‍ത്തനമാണ്‌.ഇന്‍സ്റ്റാള്‍ ചെയ്താല്‍ മനോഹരമായ ഒരു പച്ചനിറത്തിലുള്ള ക്യാമറ ഐക്കണായി ഡസ്ക്‌ ടോപ്പില്‍ ഷോര്‍ട്ട്‌ ക്കട്ട്‌ ലഭിക്കും.അതില്‍ ക്ലിക്കിയാല്‍ ക്യാമറ ലഭിക്കും.സാധാരണ ഫോട്ടോ എടുക്കുന്നതുപോലെ ബട്ടണില്‍ ക്ലിക്കുക.ഇപ്പോള്‍ ക്യാമറ ഒളിച്ചിട്ടുണ്ടാകും.ഇനി നമുക്ക്‌ ആവശ്യമായ ഭാഗം ഇപ്പോള്‍ കാണുന്ന കര്‍സര്‍ ഉപയോഗിച്ച്‌ സെലക്ട്‌ ചെയ്യുക,.ആ ഭാഗം ചിത്രമായി സേവ്‌ ചെയ്തിട്ടുണ്ടാകും.എവിടെ സേവ്‌ ചെയ്യണമെന്നും ഏതു ഫോര്‍മാറ്റില്‍ വേണമെന്നും സെറ്റ്‌ ചെയ്യാന്‍ സാധിക്കും.




മാധ്യമങ്ങളും ഗുണ്ടകളും

മാധ്യമങ്ങളുടെ ഗുണ്ടാ ബന്ധമാണ് പുതിയ വിഷയം. പോള്‍ മുത്തൂറ്റ് വധക്കേസിനോടനുബന്ധിച്ച് പിടിയിലായ ഗുണ്ടാ നേതാവ് ഓംപ്രകാശ് പൂര്‍വകാലത്ത് സിപിഐ എം അനുഭാവിയായിരുന്നുവെന്നതിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐ എമ്മിനെയും ആഭ്യന്തരമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ആക്രമിക്കാന്‍ സംഘടിതമായി മാധ്യമങ്ങള്‍ മുന്നോട്ടുവന്നു. പോള്‍ വധത്തിന് സിപിഐ എമ്മുമായി വിദൂരമായ ബന്ധം പോലും ഇല്ല; ആരും ആരോപിച്ചിട്ടുമില്ല. പോളിന്റെ കൊലയാളികളല്ല, ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളാണ് പിടിയിലായ ഗുണ്ടാത്തലവന്‍മാര്‍. മറിച്ചുള്ള തെളിവുകള്‍ ഇതുവരെ വന്നിട്ടില്ല. പോള്‍ ജോര്‍ജിന്റെ കുടുംബസ്ഥാപനമായ മുത്തൂറ്റുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ യുഡിഎഫ് നേതൃനിരയിലുള്ളവരാണ്. ഇന്ത്യാ വിഷന്‍ ചാനലിന്റെ വലിയ ശതമാനം ഓഹരി മുത്തൂറ്റിനുണ്ട്- കുടുംബത്തില്‍നിന്നൊരാള്‍ ചാനലിന്റെ ഔദ്യോഗിക നേതൃത്വത്തിലുണ്ട്. മറ്റൊരു സ്പഷ്ടമായ ബന്ധം, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മുത്തൂറ്റ് കുടുംബത്തിലെ വധുവാണ് എന്നുള്ളതാണ്.
-


ബ്ലോഗിംഗ് അപകടങ്ങള്‍..ക്രൂരതകള്‍

ബ്ലോഗിംഗ് നമുക്കെല്ലാം ആനന്ദം തരുന്നു. എന്നാല്‍ അതുമൂലമുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെപ്പറ്റിയാണ് ഇനി ഇവിടെ പറയുവാന്‍ പോകുന്നത്.

രാമചന്ദ്രന്റെ കാര്യം തന്നെ നമുക്കൊന്നു നോക്കാം. നല്ല ചെറുപ്പക്കാരന്‍. മാന്യമായ ജോലി. ഭാര്യ, കുട്ടികള്‍. ആര്‍ക്കും അസൂയ തന്നെ തോന്നിയേക്കാവുന്ന ചുറ്റുപാടുകള്‍. ഏതു ശപിക്കപ്പെട്ട നിമിഷത്തിലാണോ ഈ ബ്ലോഗില്‍ ചെന്നുപെടുവാനുള്ള ബുദ്ധി അയാള്‍ക്ക് തോന്നിയതെന്ന് കര്‍ത്താവു badwolf3_11756_7

തമ്പുരാനു പോലും ഇന്നും വല്യ പിടിയൊന്നുമില്ല. ആദ്യമാദ്യം തമാശക്കാ‍യിരുന്നുവത്രേ ബ്ളോഗിംഗ്. എന്നാല്‍ രാമചന്ദ്രന് ഒരുപാട് ആരാധകര്‍ ബ്ലോഗിലൂടെ ഉണ്ടായി. അതിലധികവും പെണ്‍കുട്ടികളും ആയിരുന്നു. ഒരു പെണ്‍കുട്ടി പതിയെപ്പതിയെ ചാറ്റിലും വന്നു. ചാറ്റ് മൂത്ത് അതവസാനം ചീറ്റ് ആയി. മൂക്കു ചീറ്റുന്ന കാര്യമല്ല, ഇത് സ്വന്തം ഭാര്യയെ ചീറ്റു ചെയ്തുവെന്ന വസ്തുതയെപ്പറ്റിയാണ് ഇവിടെ പറഞ്ഞു വരുന്നത്. ഒടുവിലെന്തായി? എന്താകാന്‍..രാമചന്ദ്രന്‍ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു. ആ പെണ്‍കുട്ടിയുമായി ഹിമാചല്‍പ്രദേശിലെവിടെയോ ഇപ്പോള്‍ താമസിക്കുന്നുവെന്നു കേള്‍ക്കുന്നു. രാമചന്ദ്രന്റെ ബ്ലോഗ് ഇപ്പോഴും ഓണ്‍ലൈനിലുണ്ട്. അത് അപ്ഡേറ്റ് ചെയ്യാറില്ലത്രേ! അതു കണ്ടുപിടിക്കാന്‍ ഞാന്‍ ആവുന്ന പണി അമ്പത്താറും നോക്കി. നോ ഫലം. എന്തൊരു ക്രൂരത..! അവനെയെങ്ങാനം എന്റെ കയ്യില്‍ കിട്ടിയാ എന്തു ചെയ്യുമെന്നൊന്നും ഞാനിപ്പോള്‍ പറയുന്നില്ല. കാണിച്ചു തരാം..അത്ര തന്നെ.

-രതീഷ്‌ (ബൂലോകം ഓണ്‍ലൈന്‍)

കലക്കി മോനേ നടേശാ‍

നടേശന്‍ മുതലാ‍ളി വില്ലു കുലച്ചപ്പോള്‍ സഭാപിതാക്കള്‍ക്ക് മുട്ടു വിറച്ചു. ആ‍ണായിപ്പിറന്നൊരുത്തന്‍ ഭൂമി മലയാളത്തിലിണ്ടെന്ന് ഇപ്പോള്‍ നാ‍ട്ടാര്‍ക്ക് ബോധ്യായി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടത് പാര്‍ട്ടികളാണ്, പള്ളിയല്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ സുധീരം പ്രസ്താവിച്ചത്.പള്ളിക്കാര്‍ക്ക് വേണമെന്നുണ്ടെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിച്ചോണം. ഹല്ല പിന്നെ.ചെന്നിത്തല രമേശനും പിണറായി വിജയനും നാക്കിറങ്ങിപ്പോയേടത്താണ് മലയാളി മനസ്സാക്ഷിയെ ഉയര്‍ത്തിപ്പിടിക്കാന്‍ സമുദായ നേതാവായ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയെന്നത് അനേകം സന്ദേശങ്ങളും ഒപ്പം സന്ദേഹങ്ങളും പകര്‍ന്നു തരുന്നുണ്ട്.നേരത്തെ പലപ്പോഴും ഈഴവ പ്രാതിനിധ്യത്തിനായ് ശംഖ് മുഴക്കിയ മാന്യശ്രീ ഇപ്പോഴാണ് യഥാര്‍ത്ഥ ശ്രീനാരായ്ണീയനാവുന്നതെന്നും സമാധാനിക്കാം.
-k.n.mirrorland


ശ്ലോ(ശോ)ക കാൽ‌വിൻ


മലയാളത്തിന്റെ കാര്യം പറഞ്ഞാൽ നമ്മളൊക്കെ പത്താം ക്ലാസും ഗുസ്തിയുമാണ്. ഏഴാം ക്ലാസിൽ വെച്ച് രത്നമ്മ റ്റീച്ചർ മുറ്റുവിന, പറ്റുവിന, പേരച്ചം, വിനയച്ചം എന്നൊക്കെ പറഞ്ഞപ്പഴേ മനസിലുറപ്പിച്ചതാണ് എന്നൊരു ചാൻസ് കിട്ടുമോ അന്നീ മലയാളപഠനം നിർത്തുമെന്ന്.

നന്മകളാൽ വിശുദ്ധമായ നാട്ടിൻപുറത്തെ (കോപ്പാ) ഉസ്കൂളുകളിൽ നിന്നും പത്താം ക്ലാസ് പാസാവും വരെ കാത്തിരിക്കേണ്ടി വന്നൂയെനിക്ക് സെക്കന്റ് ലാം‌ഗ്വേജ് കിണ്ടിയാക്കി മാറ്റാൻ.ആയെന്നോട് മലയാളത്തിൽ, അതും സംസ്കൃതവൃത്തത്തിൽ, നാലു വരി പദ്യമെഴുതാൻ പറഞ്ഞാൽ എങ്ങിനെയിരിക്കും? ഗുരുവിനൊക്കെപ്പിന്നെയെന്തുമാവാമല്ലോ. നോക്കണേ വസന്തയുടെ തിലകത്തിൽ പൂരിപ്പിക്കണമെന്ന്!
- - - - - - - - - - -
- - - - - - - - - - -
- - - - - - - - - - -
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
-

ചെറായി എളുപ്പപ്പുലികള്‍ 23, 24 : ഷംസു-കിച്ചു ഗള്‍ഫ് ദമ്പതികള്‍


ഷംസുദ്ദീന്‍ മൂസ


ഷംസുവിനെ ഞാനാദ്യം കാണുന്നത് ചെറായിയില്‍ വെച്ചാണ്.
ഞാനാദ്യം നേരില്‍ കാണുന്ന Inventer ബ്ലോഗര്‍.
സദാ ഗൌരവമൌനി.
ഞാനാദ്യമായി നേരില്‍ കാണുന്ന ബ്ലോഗ് ദമ്പതികളിലെ
സൂത്രധാരനും മറ്റാരുമല്ല.

ചിത്രത്തില്‍, ഷംസു സാധനങ്ങള്‍, തിയറികള്‍ ഇത്യാദി
ഇന്‍വെന്റ്റ് ചെയ്ത് ചെയ്ത് തകര്‍ത്ത് മുന്നേറുകയാണ്.
ആരും ചോദിക്കാനും പറയാനുമില്ലാത്ത അതിഭീകരമായ അവസ്ഥ !
--



ഒരു റോബോട്ടിന്റെ പിറന്നാള്‍ ആഘോഷം




സ്വന്തം പിറന്നാള്‍ ദിവസം അപ്രതീക്ഷിതമായി ഒരു വിലപ്പെട്ട സമ്മാനം ഏറ്റവും പ്രീയപ്പെട്ടവരില്‍ നിന്നും ലഭിക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. എന്നാല്‍ നളിനിയുടെ ജീവിതത്തില്‍ അങ്ങനെയൊന്ന് സംഭിവിക്കാറില്ല. ഭാര്യയായി അമ്മയായി ജീവിക്കുന്ന നളിനിക്ക് ഒരു പിറന്നാളുണ്ടെന്ന് അവളുടെ ഭര്‍ത്താവോ മകനോ മകളോ ഒരിക്കലും ഓര്‍ക്കാറില്ല. ജന്മദിനം ഒരു സ്വപ്നത്തിലെ ഓര്‍മ്മയായി സൂക്ഷിക്കുന്ന അവള്‍ അത് മുന്‍‌കൂട്ടി അവരെ അറിയിച്ച ഒരു കാലം ഉണ്ടായിരുന്നു. മക്കള്‍ വലുതായതോടെ ആ പതിവ് മാറി. തന്റെ ജീവിതം‌പോലെ, മഴക്കാറ് മൂടിയ ആകാശം പോലെ, ശോകമൂകമായി ആ ദിനവും കടന്നുപോകാന്‍ തുടങ്ങി.അവളുടെ കുട്ടിക്കാലത്ത് അവള്‍ക്കും ഒരു പിറന്നാള്‍ ഉണ്ടായിരുന്നു. മാതാപിതാക്കളുടെ ആദ്യത്തെ കണ്‍‌മണിയായ അവള്‍ പിറന്നാള്‍ ദിവസം രാവിലെ കുളിച്ചൊരുങ്ങി പുത്തനുടുപ്പിട്ട് അമ്പലത്തില്‍ പോയി തിരിച്ച് വരുമ്പോഴേക്കും വീട്ടില്‍ അമ്മ പാല്‍‌പായസം വിളമ്പി വെച്ചിട്ടുണ്ടാവും. പിന്നെ ഉച്ചനേരത്തെ സദ്യ കഴിഞ്ഞ് അച്ഛനും അമ്മയും അവളും ഒന്നിച്ച് ടൌണില്‍ ചുറ്റിക്കറങ്ങിയ ശേഷം രാത്രി ഏതെങ്കിലും ടാക്കീസില്‍ കയറി സിനിമ കാണും. എന്നാല്‍ കല്ല്യാണത്തോടെ നളിനിയുടെടെ പിറന്നാളുകള്‍‌ക്ക് മധുരമില്ലാതായി.
-മിനി



.


ശ്രീമദ് ഭഗവദ് ഗീത-അര്‍ജ്ജുനവിഷാദേയാഗഃ

ശ്ലോകം-02
സഞ്ജയ ഉവാച:-
ദൃഷ്ട്വാതു പാണ്ഡവാനീകം
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ
രാജാ വചനമബ്രവീത്

സഞ്ജയന്‍ പറഞ്ഞു: യുദ്ധത്തിന് തയ്യാറായി നില്‍ക്കുന്ന പാണ്ഡവസൈന്യത്തെ കണ്ട ദുര്യോധനന്‍, രാജപ്രൗഡിയോടെ ദ്രോണാചാര്യരുടെ സമീപം ചെന്ന് പറഞ്ഞു-വളരെ രസകരമായ സന്ദര്‍ഭമാണിത്. തലയിരിക്കുമ്പോള്‍ വാലാടുക എന്ന പഴമൊഴിയെ അനുസ്മരിപ്പിച്ചുകൊണ്ട്, ഗുരുവിനെ വിദ്യ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ദുര്യോധനനെയാണ് ഇവിടെ കാണാന്‍ കഴിയുക. രാജാവെന്ന അധികാരത്തോടെ, യജമാനഭാവത്തില്‍, ആചാര്യനെ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങുകയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ദ്രോണര്‍ എന്നല്ല, മറിച്ച് ആചാര്യര്‍ എന്നാണ് വ്യാസര്‍ പറയുന്നത്. അതിലൊരു പരിഹാസം മറഞ്ഞിരിപ്പുണ്ട്. തിന്മയെ വിദ്യ അഭ്യസിപ്പിക്കുന്ന ആചാര്യ ബുദ്ധിക്ക്, തിന്മയ്ക്ക് കീഴ്വഴങ്ങേണ്ടിവരും എന്നുമാത്രമല്ല തിന്മയുടെ ശാസനകള്‍ നിരന്തരം അനുസരിക്കേണ്ടിയും വരും എന്ന ഒരു ഗുണപാഠം ഇതില്‍ വ്യാസന്‍ ഗൂഡമായ് ഒളിപ്പിച്ചു വച്ചിട്ടുണ്ട്.
-Prasanth R


കൃത്രിമബുദ്ധിയും തലച്ചോറും

മനുഷ്യനു് അപ്രാപ്യമോ അസാദ്ധ്യമോ ആയ പല തൊഴിലുകളും ഏറ്റെടുക്കാനാവും എന്നതാണു് റോബോട്ടുകളെ ശ്രദ്ധാർഹമാക്കുന്നതു്. ശൂന്യാകാശഗവേഷണങ്ങളിൽ, സമുദ്രാന്തർഭാഗപരീക്ഷണങ്ങളിൽ, ജീവാപായസാദ്ധ്യതയുള്ള തൊഴിലുകളിൽ, അപകടകരമായ ശാസ്ത്രീയ പഠനങ്ങളിൽ, വൃദ്ധജനസംരക്ഷണത്തിൽ എല്ലാം റോബോട്ടുകൾക്കു് വിലപ്പെട്ട പങ്കു് വഹിക്കാനാവും. റോബോട്ടുകൾ, അഥവാ, അവയിലെ കൃത്രിമബുദ്ധി നിരന്തരം കൈവരിക്കുന്ന അസൂയാവഹമായ പുരോഗതി ഭാവിയിൽ അവ മനുഷ്യനെത്തന്നെ ഭൂമിയിൽ അധികപ്പറ്റാക്കുമോ എന്ന ചോദ്യത്തിലേക്കു് ചിലരെയെങ്കിലും നയിച്ചുകൊണ്ടിരിക്കുന്നു. സ്വയം പെരുകാൻ കഴിയുന്ന അവസ്ഥയിലേക്കു് റോബോട്ടുകൾ വളരുന്ന ഭാവിയെപ്പറ്റി വരെ ചിന്തിക്കുന്നവരുണ്ടു്. സയൻസ്‌ ഫിക്ഷൻ സിനിമകളും നോവലുകളും അവരുടെ പേടിസ്വപ്നങ്ങൾക്കു് മതിയായ ആഹാരം നൽകുന്നു. മനുഷ്യന്റെതന്നെ തലച്ചോറിന്റെ സൃഷ്ടിയായ റോബോട്ടുകൾ ഇന്നു് പല പ്രവർത്തനമേഖലകളിലും കൃത്യതയുടെയും വേഗതയുടെയും കാര്യത്തിൽ മനുഷ്യനെ എത്രയോ മടങ്ങു് പിന്നിലാക്കിക്കഴിഞ്ഞു എന്നതൊരു സത്യമാണു്. ഓട്ടോമൊബിൽ നിർമ്മാണത്തിലും, എലക്ട്രിക്കൽ എഞ്ചിനിയറിംഗിലും മറ്റു് പല വ്യാവസായിക മേഖലകളിലും വിജയം ദർശിക്കാൻ കഴിയും. ചെസ്സ്‌ കളിയിൽ 1997- ലോകചാമ്പ്യൻ ഗാറി കസ്പാറോവ്‌ 'ഡീപ്‌ ബ്ലൂ' എന്ന കമ്പ്യൂട്ടറിനോടും, 2006- ലോകചാമ്പ്യൻ വ്ലാഡിമിയർ ക്രമ്നിക്ക്‌ 'ഡീപ്‌ ഫ്രിറ്റ്‌സ്‌' എന്ന കമ്പ്യൂട്ടറിനോടും മത്സരിച്ചു് പരാജയപ്പെട്ട കഥ നമ്മിൽ ചിലർക്കെങ്കിലും അറിയാം. എങ്കിൽത്തന്നെയും, മനുഷ്യന്റെ തലച്ചോറിന്റെ സ്ഥാനം ഏറ്റെടുക്കാൻ കഴിയുന്നതിൽ നിന്നും റോബോട്ടുകൾ വളരെ ദൂരെയാണെന്നതു് ഒരു യാഥാർത്ഥ്യമാണു്. ഇൻഡസ്ട്രിയിലും ചെസ്‌ കളിയിലും ഒക്കെ ഉപയോഗിക്കുന്ന റോബോട്ടുകളെ (കമ്പ്യൂട്ടറുകളെ) വിജയത്തിലേക്കു് എത്തിക്കുന്നതു് ഇപ്പോഴും അവയുടെ പിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യബുദ്ധി തന്നെയാണു്. മനുഷ്യനു് കഴിയുന്നതു് അനേകമടങ്ങു് വേഗതയിൽ കഴിയുമെന്നതു് അവയെ 'അമാനുഷികം' ആക്കുന്നു എന്നുമാത്രം. കമ്പ്യൂട്ടറുകളുടെ മനുഷ്യരുടെ മേലുള്ള വിജയം സാദ്ധ്യമാക്കുന്ന മറ്റൊരു ഘടകം അവ ഏതു് പ്രവർത്തനമേഖലയിൽ ഉപയോഗിക്കപ്പെടുന്നു എന്നതിൽ ആശ്രയിച്ചിരിക്കുന്ന കാര്യമാണു്.
-സി.കെ.ബാബു

സൈമേട്ടന്റെ വന്‍ വീഴ്ചകള്‍ !


“കേട്ടില്ലേ നമ്മുടെ മോന്‍ ഓട്ടത്തില്‍ വീണ്ടും ഒന്നമനായി എന്നു!
അത് പിന്നെ ഞാന്‍ അവനു കൊടുക്കുന്നതെന്താ? ഡാബര്‍ ച്യവനപ്രാശമല്ലേ‘‘

പരസ്യം കേട്ടാണ് ലൈന്മാന്‍ സൈമേട്ടന്‍ തന്റെ രണ്ട് പെണ്മക്കള്‍ക്കും ചെറുപ്പം തൊട്ട് ഡാബര്‍ ച്യവനപ്രാശം കൊടുക്കാന്‍ തുടങ്ങിയത്. പക്ഷേ മൂത്ത മകള്‍ വലുതായപ്പോള്‍ അയലത്തെ സുബ്രുവിന്റെ കൂടെ ഒളിച്ചോടി ഒന്നാമതായപ്പോള്‍ ഇനി ച്യവനപ്രാശമല്ല ഭാര്യ ലില്ലിയ്ക്ക് പ്രസവരക്ഷയ്ക്കുള്ള ആട്ടിന്‍ ബ്രാത്ത് വരെ കൊടുക്കില്ലെന്ന് സൈമേട്ടന്‍ തേക്കിന്റെ പോസ്റ്റില്‍ തൊട്ട് സത്യം ചെയ്തതില്‍ തെറ്റ് പറയാന്‍ പറ്റുമോ? എങ്കിലും രണ്ടാമത്തെ മകളിലായിരുന്നു സൈമേട്ടന് പിന്നീട് ഉണ്ടായ പ്രതീക്ഷ മുഴുവനും. അതിനാല്‍ സ്കൂളിലെ ഓട്ട മത്സരങ്ങളിലോ,ഓട്ടന്തുള്ളലിലോ സൈമേട്ടന്‍ തന്റെ മകളെ പങ്കെടുപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച് പോന്നു.നാട്ടിലെ കൊള്ളാവുന്ന പത്ത് പെണ്‍ പിള്ളാരെ തിരഞ്ഞെടുത്താല്‍ അതില്‍ രണ്ടാമത്തേതായി വരും സൈമേട്ടന്റെ ഓടിപ്പോകാത്ത മോള്.ആദ്യ സ്ഥാനത്ത് വൈദ്യര്‍ രാമങ്കുട്ട്യേട്ടന്റെ മകള്‍ വരും. തികഞ്ഞ അഹങ്കാരി,സംഗതി മാമ്പഴക്കൂട്ടത്തിലെ മല്‍ഗോവയാണെങ്കിലും എന്തോ ഒരു വൈദ്യശാലയുടെ മണമായിരുന്നു അവള്‍ക്ക്.ഒരഞ്ചിടങ്ങാഴി കഷായം ആറ്റിക്കുറുക്കി വെട്ടിത്തളപ്പിച്ച് വറ്റിച്ച് ഒരു മൂന്നിടങ്ങാഴിയാക്കിയ പോലെയുള്ള ഒരു വിപ്ലവാരിഷ്ട ചുവയുള്ള ഒരു കഷായമായാണ് അവളെ ഞങ്ങള്‍ കരുതിപ്പോന്നത്. അവളുടെ നടപ്പും ഭാവവും കണ്ടാല്‍ അവള്‍ക്ക് പാല് കാച്ചാനുള്ള കീഴാര്‍നെല്ലി ലോകത്ത് തന്നെ അവതരിച്ചിട്ടില്ല എന്ന ഭാവമായിരുന്നു.അല്ലെങ്കിലും കഷായത്തിനൊരു കൈപ്പാ. സത്യം മനസ്സിലാക്കിയാണ്, ലൈന്മേന്‍ സൈമേട്ടന്റെ ഓടിപ്പോകത്ത മോളെ ലൈനിടാന്‍ ഞാന്‍ തീരുമാനിച്ചത്.
-വാഴക്കോടന്‍


ഗോമ്പിറ്റീഷന്‍: ഇതാരുടെ പ്രൊഫൈല്‍?


ബൂലോകരേ,
പുതിയ ഒരു ഗോമ്പിറ്റീഷനു സമയമായി. ഒരു പ്രൊഫൈലിലെ ഡീറ്റൈല്‍സ് നോക്കി ബ്ലോഗറെ കണ്ടുപിടിക്കൂ. കുളുകള്‍ ചിത്രത്തില്‍ തന്നെ ചുവന്ന അക്ഷരത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. തല്‍കാലം റൂളൊന്നുമില്ല. വായീ തോന്നിയ ഉത്തരം പറയാം. നാളെ കൊറിയന്‍ സമയം പന്ത്രണ്ടേ മുക്കാലിന് വിജയികളെ തെരെഞ്ഞെടുക്കും.
-ഒര്‍ജിനല്‍ അനോണിമാഷ്


ലയനം



നിശയുടെ ചിതയെരിഞ്ഞമര്‍ന്നു
പുനര്‍ജ്ജനിയുടെ കടവിലേക്ക്
തുഴഞ്ഞടുക്കുന്ന സൂര്യന്‍
ചുംബിച്ചു തുടുപ്പിച്ച
ചക്രവാളം സാക്ഷി
എന്റെ പ്രണയം
അതിരുകളില്ലാത്തതായിരുന്നു
കിണറിലെ വട്ടക്കണ്ണാടിയില്‍
മുഖം നോക്കി
നീ മറഞ്ഞപ്പോള്‍
ഉള്ളിലീക്കടലിന്റെ-
യിരമ്പല്‍ മാത്രമായിരുന്നു
ആയിരം തിരക്കൈകള്‍ നീട്ടി
ഇവളെന്നെ ഭ്രമിപ്പിക്കുന്നു ;
തുഴപോയ തോണിയില്‍
മറുതീരമണയുമ്പോള്‍
അക്കരെ നീ കാണുമെന്നു!
കയ്യിലൊരു ചിമ്മിനിവിളക്കുകൂടിക്കരുതാം ഞാന്‍ ,
ഇത്തിരിവെട്ടത്തിലാമുഖമൊന്നുകൂടിക്കാണാന്‍!!
-Bijli


രണ്ടു കണ്ണുകള്‍ക്കിടയില്‍ ഒരു പെണ്‍കുട്ടി

ചിലപ്പോള്‍ അവളൊരു പാലം
ചിലപ്പോള്‍ അവളിലൂടെയൊരു പാലം

ഉറങ്ങിയാലോ എന്ന്‌
ആദ്യത്തെ ശലഭം ചോദിക്കുമ്പോള്‍
ഇടത്തേക്കണ്ണ്‌ വലത്തേക്കണ്ണിനോട്‌
അവളിലൂടെ എന്തോ പറയും

ഇപ്പോള്‍ വേണ്ട എന്ന്‌
പരസ്പരം കണ്ണിറുക്കും

എത്രനേരം തുറന്നിരിക്കാന്‍ കഴിയും
ഉള്ളിലെ മാറാലയെ ആരുനോക്കും
വൃത്തികെട്ടുപോയാല്‍ വരാതാകില്ലേ
അതിഥികള്‍, അത്യാഹിതങ്ങള്‍
നിങ്ങള്‍ക്കിടയിലെ സംഭാഷണങ്ങളില്‍
എത്രകാലം തടഞ്ഞുനില്‍ക്കും
ഉള്ളിലേക്കുള്ളിലേക്കുള്ള
ഭയത്തിന്‍ ഗതാഗതം : -
അവസാനത്തെ ശലഭം കണ്ണുരുട്ടുന്നു
-Latheesh മോഹന്‍

അർബുദ രാവ്...

പകലിന്റെ പ്രഭാനിർഭരമായ നിമിഷങ്ങളെ
പ്രോജ്വലമായ ഒരു സിന്ദൂരപൊട്ടിന്റെ
വിരാമ ചിഹ്നത്താൽ തടുത്തുനിർത്തി
രാവിന്റെ ഖണ്ഡികയിലേക്ക് സമയമതിക്രമിക്കുമ്പോൾ
ഇരുളിന്റെ മറപറ്റി ഒരിക്കലും വാക്കുതെറ്റിക്കാത്ത
വിശ്വസ്തയായ പെൺകുട്ടിയെപോലെ
അവളിന്നുംവന്നു;.....
വന്നെന്റെ വാതിലിൽമുട്ടി.
കണ്ണിർകല്ലുപതിച്ചമോതിരവിരലാൽ
വീണ്ടും വീണ്ടും മുട്ടി..
അനുവാദത്തിനുകാത്തുനിൽക്കാതെ അകത്തുകടന്നു....
അവളുടെ ഓരോ കാൽ വയ്പിലും
ജീർണ്ണജഡിലമായ എന്റെ അകത്തളങ്ങൾ പ്രകമ്പനം കൊണ്ടു..
ജീവതന്തുക്കൾ നിലവിളിയുടെ വൃന്ദവാദ്യം തീർത്തു..
അവൾക്കറിയാം അവളാണിനി ഇവിടത്തെ റാണി
അവളെ രാജ്യഭ്രഷ്ടയാക്കുവാനുള്ള
ഗൂഡ തന്ത്രം മോർഫിൻ ഗുളികകളായി
എന്റെ മേശവലിപ്പിലിരിക്കുന്നു..
-താരകൻ

പ്രണയം


ഇലയ്ക്ക് മാത്രം കേള്‍ക്കുന്ന ശബ്ദത്തില്‍...!

-


തലയിണ
തലയിണയെ പ്രേമിച്ച്
കെട്ടിപ്പിടിച്ചുറങ്ങാത്തവരുടെ
ജീവചരിത്രം
ഒറ്റ രാത്രി കൊണ്ട് വായിച്ചു തീര്‍ക്കാനാവില്ല

അടുത്ത രാത്രി വരെ
ഒരു പുസ്തകം ഉറങ്ങാതിരിക്കും

തലയിണ
ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
പാതി വായിച്ചു വെച്ച പുസ്തകങ്ങള്‍
പുതപ്പിട്ട് മൂടി
ഉറക്കമായെന്ന് ഉറക്കം നടിക്കും

ഉറക്കത്തിനിടയില്‍
ഞാന്‍ കണ്ട സ്വപ്നമാവാം
നീയും കണ്ടത്
-നസീര്‍ കടിക്കാട്‌


നാ‍യാട്ട്

നായാട്ടിനിറങ്ങിയ
അച്ഛന്
തിരിച്ചുവരുവാന്‍
വഴിതെറ്റി

മുയലും
മാനും
ഉടുമ്പും
കിളികളും
കാട്ടുചോലയുടെ
നനവും
സഞ്ചിയില്‍
പിടഞ്ഞു

അച്ഛന്‍
കാട്ടിനുളളില്‍
തലങ്ങും
വിലങ്ങും
നടന്നു.

ഒരേ അടയാളങ്ങള്‍തന്നെ
പലതവണ കണ്ട്
രാത്രിയായി

പിറ്റേന്ന് പുലര്‍ച്ചയ്ക്ക്
അച്ഛനെ പൊതിഞ്ഞെടുത്ത്
മുറ്റത്ത് നില്‍ക്കുന്നു
മുയലുകളും മാനുകളുമങ്ങനെ...
-

ലഹരിയും ...ചഷകവും....









-





ഊരിയ നട്ടെല്ല്

ഊരിയ വാളുകള്‍
ഉറയിലിടും കാലം
ഉരിയ വറ്റിനു
ഊര് വിട്ട കാലം
ഊര് തെണ്ടി നടന്നു എങ്കിലും
ഊരിയില്ല നട്ടെല്ല്
ഉരുക്കല്ലിത് എങ്കിലും
ഉറപ്പുള്ളൊരു നട്ടെല്ല് തന്നെ നിശ്ചയം
ഉളുപ്പില്ലാത്തവര്‍ വന്ന്
ഉമ്മാക്കി കാണിച്ചാല്‍
ഉരുകാന്‍ മെഴുകുമല്ല
ഉറപ്പുള്ളൊരു നട്ടെല്ല്
ഉള്ളവര്‍ ഉണ്ടെങ്കില്‍
ഉള്ളിലേക്ക് വരാം എന്നൊരു
ഊളന്‍ പണ്ടൊരു പരസ്യം നല്‍കി
ഉറപ്പുമില്ല ഉരുക്കുമല്ല
ഉത്തരത്തില്‍ കെട്ടിത്തൂക്കിയ
ഊഞ്ഞാല്‍ പോലെ
ഊയലാടുന്നു പഴം തുണിക്കെട്ട് പോലെ
ഉറപ്പിലാത്തൊരുവന്റെ നട്ടെല്ല് -ആല്‍ത്തറ(കാപ്പിലാന്‍ )



ചെന്നായ്ക്കള്‍ (Wolves)




-Prasanth - പ്രശാന്ത്‌


ബ്ലോത്രത്തിനു വേണ്ടി ജിക്കൂസ്‌ !

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP