വേരാഴമുള്ള എരകപ്പുല്ല്
Monday
വേരാഴമുള്ള ഒരു "എരകപ്പുല്ല്
- സന്തോഷ് പല്ലശ്ശന
(മലായാളം ബ്ളോഗ്ഗില്‍ വേറിട്ട ഒരു വഴിയിലൂടെ നടക്കുന്ന ശ്രീ ടി. എ. ശശിയുടെ കവിതകളിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ് ഈ പോസ്റ്റ്. ശശിയുടെ ബ്ളോഗ്ഗ്
ലിങ്ക് : http://www.sasiayyappan.
കുടാതെ ഹരിതകം, പുതുകവിത, മഞ്ഞ, ബൂലോക കവിത തുടങ്ങിയ ബ്ളോഗ്ഗുകളിലും ആദ്ദേഹത്തെ വായിക്കാവുന്നതാണ്)
ഒരു പിടി ജലത്തില്‍ മേഘത്തേയും മഴയേയും കണ്ടുവോ എന്നു ചോദിക്കുന്ന ഒരു കവി - അതാണ് ടി. എ. ശശി. "എരകപ്പുല്ല്" എന്ന ബ്ളോഗ്ഗിലൂടെ കവിതയില്‍ നിശബ്ദവിപ്ളവത്തിന്‍റെ ലഘുലേഖകള്‍ വിതറുന്ന ശ്രീ ടി. എ. ശശി മലായാളം "ബ്ളോഗ്ഗോസ്ഫിയറിലെ" ഒരു ഒറ്റയാനാണ്. നിലവിലുള്ള സങ്കേതങ്ങള്‍ക്കൊത്ത് കാവ്യമിമിക്രികള്‍ ഉല്‍പാദിപ്പിക്കുന്നത് അദ്ദേഹത്തിന്‍റെ വഴിയേയല്ല. ഓരോ വരികളിലും വായനക്കാരനെ കുടിയിരുത്തുന്ന അവന്‍റെ സര്‍ഗ്ഗാത്മക വായനയ്ക്ക് പുതിയ ആകാശങ്ങള്‍ നല്‍കുന്ന ഒരു നിശബ്ദവിപ്ളവം ശശിയുടെ പ്രത്യേകതയാണ്.
കഴിഞ്ഞ കുറെ മാസങ്ങളായി നിരന്തരമായ സംഭാഷണങ്ങളിലൂടേയും ആശയ സംവേദനങ്ങളിലൂടേയും ആ കവിയേയും അദ്ദേഹത്തിന്‍റെ കവിത സ്ഘലിപ്പിക്കുന്ന ഹോര്‍മ്മോണുകളേയും തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. കാഴ്ച്ചയുടെ കലയാണ് - അതിന്‍റെ ഏറ്റവും ബാല്യകൌതുകം കലര്‍ന്ന നിഷ്ക്കളങ്കമായ മാതൃകകളാണ് - എരകപ്പുല്ലിലെ കവിതകളില്‍ പലതും. ഭൌതികമായ ഒരു നോട്ടത്തിന്‍റെ സാധാരണത്വത്തില്‍ നിന്ന് പെട്ടെന്ന് വിസ്മയിപ്പിക്കുന്ന ട്വിസ്റ്റുകളിലേക്ക് ശശി വായനക്കാരനെ കൊണ്ടെത്തിക്കുന്നു. തികച്ചും മൌലികമായ ഒരു രചനാസിദ്ധിയിലൂടെയാണ് ശ്രി ടി. എ. ശശി ഇത് സാധിച്ചെടുക്കുന്നത്. "ശിഷ്ടം" എന്ന കവിത തുടങ്ങുന്നതു തന്നെ ഒരു ഒരു സര്‍ഗ്ഗാത്മക നോട്ടത്തിലൂടെയാണ്..
"കാറ്റില്ലാത്ത നേരം നടന്നു പോകുമ്പോള്‍ കാറ്റിനെക്കുറിച്ചോര്‍ത്തു" വീശിയ കാറ്റുകള്‍ വിശാനിരിക്കുന്നവ വീശാതെ ഒടുങ്ങിയവ"
- ശിഷ്ടം
പുതുകവിതയുടെ സ്വതസിദ്ധമായ രീതി എന്നു പറയുന്നത് ഒരേ വരിയില്‍ പലവായനകളെ ഉല്‍പാദിപ്പിക്കുക എന്നതാണ്. ഒരു സര്‍ഗ്ഗാത്മകവായനയ്ക്ക് സ്വതന്ത്രമായി പരിലസിക്കാനുള്ള ഇടം എരകപ്പുല്ലിലെ കവിതകള്‍ക്കുണ്ട്. ഇതിന്‍റെ ചെറിയ ഒരു ഉദാഹരണമാണ് "ശിഷ്ടം" എന്ന കവിത. നിഴലുകളെ വെയിലത്ത് ഈറനുണക്കാനിടുന്ന കാവ്യ വൈഭവമാണ് ഈ കവിതയില്‍ പ്രകടമാവുന്നത്. ഊതിയൂതി ഒരു കാറ്റ് മരണം വരിച്ച ഇടം ഏെതായിരിക്കും ?
മണലില്‍ ശ്വാസം മുട്ടി ഊതിയൂതി മരിക്കുമ്പോള്‍ ശരീരത്തില്‍ അകത്തോട്ടും പുറത്തോട്ടും സഞ്ചരിച്ച് ഈ കാറ്റ് എവിടെ പോകുന്നു. ഉയിരറ്റ ഒരു ശവശരീരത്തെ പോലെ നിശ്ചലമായി, നിശബ്ദമായി കാറ്റിന്‍റെ ശിഷ്ടത്തെ അന്വേഷിക്കുന്ന കാഴ്ച്ചയുടെ ആത്മീയ തീര്‍ത്ഥാടനങ്ങള്‍ എന്നെപ്പോലെയുള്ള സാധാരണ വായനക്കാരനെ അമ്പരപ്പിക്കുന്നു.
മലയാളത്തിലെ സമകാലിക കവികളുടെ സംഗമസ്ഥലമായ ഹരിതകത്തിലും പുതുകവിതയിലും ബൂലോക കവിതയിലുമായി പ്രസിദ്ധീകരിക്കപ്പെട്ട ടി. എ. ശശിയുടെ കവിതകള്‍ കവിതയുടെ സാമ്പ്രദായിയകരീതികളില്‍ നിന്ന് കുതറിമാറിനടക്കുന്ന വായനക്കാര്‍ക്കുവേണ്ടി മാത്രമാണ് എഴുതപ്പെട്ടിട്ടുള്ളത് എന്ന് തോന്നുന്നു. “ശവത്തോല്‍, “ശിഷ്ടം”, “ഒന്നിനെത്തന്നെ”, “ഒരാള്‍ക്ക് എത്ര ജഢങ്ങളാണ്”, “ഡിജിറ്റല്‍ ബോഡി”, “തിങ്ങി തിങ്ങി”, “ശവങ്ങള്‍ പറയുന്നത്” തുടങ്ങിയ കവിതകള്‍ ഒരു പുനര്‍വായനയ്ക്ക് പ്രേരിപ്പിക്കുന്നതും വായനക്ഷമതയുള്ളവയുമാണ്. ഉത്തരാധുനികമായ ജീവിതത്തിന്‍റെ - അതിന്‍റെ വിലയിടിഞ്ഞ ഉടലുകളുടെ ശവപ്പറമ്പുകളെ ശശി അവതരിപ്പിക്കുന്നത് ഇതേവരെ അവതരിപ്പിക്കപ്പെട്ട ആവിഷ്ക്കരണ രീതികളില്‍ നിന്നും മാറി നിന്നുകൊണ്ടാണ്. ശവത്തെ കുത്തിനിറച്ച് സിപ്പിട്ട് വയ്ക്കപ്പെട്ട ശവശ്മശാനമായി ശവത്തോല്‍ എന്ന കവിതയില്‍ മനുഷ്യജീവിതത്തെ ചിത്രീകരിച്ചിരിക്കുന്നു. ഒരു ശവത്തിന്‍റെ സാമൂഹ്യ ബന്ധത്തെ അടയാളപ്പെടുത്തുന്നതിങ്ങനെ...
ഏറെ കണ്ടതും അറിഞ്ഞതും എന്‍റെയീ ശവത്തെ നീയല്ലൊ. നീതന്നെ തീവച്ചതും. - ശവത്തോല്‍
സര്‍ഗ്ഗാത്മകതയില്‍ സ്വന്തം വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ നമ്മുക്കുണ്ട്. അവര്‍ പാരമ്പര്യനിഷേധം നടത്തുന്നവരോ പാരമ്പര്യത്തിന്‍റെ നേര്‍ന്നൂലില്‍ പിടിച്ച് വീഴാതെ നില്‍ക്കാന്‍ ശ്രമിക്കുന്നവരൊ അല്ല. സാമ്പ്രദായിക വായനയുടെ രുചിഭേദങ്ങള്‍ക്ക് മുന്‍പില്‍ വെന്തുകിടക്കുന്ന മസാല പുരട്ടിയ ഭക്ഷ്യവസ്തുവും അല്ല. അവര്‍ ഒറ്റയ്ക്കു തന്നെ ഒരാള്‍ക്കൂട്ടവും ഏകാന്തതയുടെ വേറിട്ട ഒരു ജനുസ്സുമാണ്. അതുകൊണ്ട് വായനയുടെ സാമ്പ്രദായിക രീതികളും മുന്‍ധാരണകളുമായി കവിതയെ സമീപിക്കുന്നവര്‍ക്ക് "ഏരകപ്പുല്ലിലെ" കവിതകള്‍ ദഹിച്ചെന്നു വരില്ല.
അതെ ദേഹം
ഒരേ നേരം ചൂടാര്‍ന്നും തണുത്തും ആള്‍പ്പരപ്പിനെ, മൃഗപ്പരപ്പിനെ, ജലപ്പലകവച്ച് ദൈവം ആണിയടിക്കും നാള്‍....
- ജാക്സണ്‍ സീ
സ്വന്തം കവിതയ്ക്ക് പുതിയ വാക്കുകള്‍കൊണ്ട് (മൃഗപ്പരപ്പ്, ജലപ്പലക!!) ഭാഷയുടെ ഉപപാഠങ്ങള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ടാണ് മലയാളം ബ്ളോഗ്ഗോസ്ഫിയറില്‍ നിന്ന് ഈ കവി വേറിട്ടു നില്‍ക്കുന്നു എന്നു ഞാന്‍ പറയുന്നത്. ഒറ്റതിരിഞ്ഞു നില്‍ക്കുന്ന ഈ കവിതകളെ ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത് വളരെ യാദൃശ്ചികമായാണ്. ഹരിതകത്തില്‍ നിന്നാണ് ഞാന്‍ ഈ കവിയെ കണ്ടെത്തുന്നത്. തിങ്ങി തിങ്ങി, കാര്‍മേഘങ്ങള്‍ ഉണ്ടാകുന്നത് തുടങ്ങിയ കവിതകള്‍ വായിക്കുകയും അതിലൂടെ ഏരകപ്പുല്ല് എന്ന ആദ്ദേഹത്തിന്‍റെ സ്വന്തം ബ്ളോഗ്ഗില്‍ എത്തപ്പെടുകയുമായിരുന്നു.
ഒരു വായനക്കരന്‍ എന്നുള്ള നിലയ്ക്ക് ഞാന്‍ ടി. എ. ശശിയുടെ കവിതകളോട് കലഹിച്ചു തുടങ്ങിയിട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ ശിഷ്ടം, ചോദ്യം, ഒന്നിനെ തന്നെ , ശവത്തോല്‍ എന്നീ കവിതകള്‍ ഉല്‍പാദിപ്പിക്കുന്ന കാവ്യാനുഭവം ഒരേ രീതിയിലുള്ളതാണ്. സംവേദിക്കുന്ന ആശയങ്ങള്‍ വ്യത്യസ്തമെങ്കിലും തന്‍റെ ആഖ്യാന സൌന്ദര്യത്തില്‍ ഈ കവിയും അഭിരമിക്കുകയും സ്വയം അനുകരിക്കുകയും ചെയ്യുന്നില്ലേ... എന്നു ഞാന്‍ സംശയിക്കുന്നു. അയ്യപ്പണിക്കര്‍ എന്ന കവി സമകാലിക ജീവിതത്തിലൂടെ നടത്തിയ കാവ്യ സപര്യയുടെ ഓരോ ദശകങ്ങളിലേയും പുതിയ പാഠങ്ങള്‍ ശശിയും ഞാനുമടക്കം എല്ലാവരും സസൂക്ഷം പഠിക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു. സ്വന്തം വഴി കവിതയില്‍ വെട്ടിത്തുറക്കുമ്പോഴും അദ്ദേഹത്തിന്‍രെ കവിത പുതിയ ആകാശങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. കാലത്തെ കവച്ചു വയ്ക്കാനുള്ള അദ്ദേഹത്തിന്‍രെ സര്‍ഗ്ഗാത്മക വ്യഗ്രതയെ ആഴത്തില്‍ പഠിക്കേണ്ടതത്യാവശ്യമാണ്. സ്വന്തം ആഖ്യാന സൌന്ദര്യത്തിന്‍റെ ചട്ടക്കൂടുകളില്‍ ഒതുങ്ങുന്നത് തീര്‍ച്ചയായും ഒരു തെറ്റാണെന്ന് പറയാനാവില്ല. പക്ഷെ സ്വയം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചരിത്രത്തിന്‍റെ ഒരു ദാശാസന്ധിയില്‍ മാത്രമായി ശശിയുടെ സൃഷ്ടികളെ പിന്‍ചെയ്തു വയ്ക്കപ്പെട്ടേക്കാം; അത് ഒഴിവാക്കപ്പെടെണ്ടതുണ്ട്.. ഉത്തരാധുനിക ജീവിതത്തിന്‍റെ സമകാലിക ദുരന്തങ്ങളെ സ്വന്തം ശൈലിയില്‍ ആവിഷ്ക്കരിക്കുന്ന ശ്രീ ടി. എ. ശശി സ്വന്തം ഭാഷാലാവണ്യങ്ങളില്‍ ഒതുങ്ങാതെ പുതിയ പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കണം എന്നാണെന്‍റെ അഭിപ്രായം.
വാല്‍ക്കഷ്ണം: പുതിയ വഴികള്‍ വെട്ടിയതു കൊണ്ടായില്ല വരും തലമുറയെആവഴിയിലൂടെനിരന്തരം നയിക്കപ്പെടുമ്പോള്‍ മാത്രമേ ആ വഴികളില്‍ പുല്ലുമൂടാതിരിക്കുകയുള്ളൂ.
2 comments:
കവിതയില്‍ നിശബ്ദവിപ്ളവത്തിന്‍റെ ലഘുലേഖകള്‍ വിതറുന്ന ശ്രീ ടി. എ. ശശി!
സന്തോഷ്,
ശശിയുടെ കവിതകളുടെ നല്ല വായന!
നന്ദി.
ശശിയുടെ കവിതകള്‍ എരകപ്പുല്ലുകള്‍ പോലെ...
ഉചിതമായ ആസ്വാദനം ..!
Post a Comment